ജാലകം എന്റെ സ്വന്തം ബ്ലോഗ്‌: ഒരു വടംവലി വിജയത്തിന്റെ ഓര്‍മ

Friday, July 15, 2011

ഒരു വടംവലി വിജയത്തിന്റെ ഓര്‍മ

          ഞങ്ങളുടെ നാട്ടിലെ പഴയ ചില കാരണവന്മാരെപ്പറ്റി (അത്ര പഴയതല്ല ) പാണന്മാര്‍  ( കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ജോലിയും കൂലിയും ഇല്ലാതെ കണ്ടയിടത്തെല്ലാം വായിനോക്കി നടക്കുന്ന ചില ചെറ്റകള്‍) പാടി നടക്കുന്ന ഒരു കഥയാണ് (ഞാന്‍ രഹസ്യമായി അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സംഗതി സത്യമാണെന്നാണ് ) ഇത്.

         എല്ലാ നാടുകളിലെയും പോലെ ഞങ്ങളുടെ നാട്ടിലും പണികള്‍ ഒക്കെ കഴിഞ്ഞു വയ്കുന്നേരം ചില എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിസ് ഒക്കെ നടക്കാറുണ്ട്. വോളിബോള്‍ ഫുട്ബോള്‍ അങ്ങനെ പലതും. കളിച്ചും കളികണ്ടുകൊണ്ട് കളിക്കുന്നവരെ പ്രോത്സാഹിപ്പിച്ചും ഒക്കെയായി നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാവരും അതില്‍ ആക്ടിവ് ആയി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുദ്ധിജീവികള്‍, യഥാര്‍ത്ഥ സ്പോര്‍ട്സുകാര്‍  എന്നൊക്കെ സ്വയം നടിക്കുന്ന ചിലര്‍ക്ക് (ഞാന്‍ ആദ്യം പറഞ്ഞ കാര്‍ന്നോമ്മാര്) ഇത്തരം കളികളില്‍ ഒന്നും വലിയ താല്പര്യം ഇല്ലായിരുന്നു. അവരുടെ പ്രിയപ്പെട്ട സ്പോര്‍ട്സ് ഐറ്റം ആയിരുന്നു ചീട്ടുകളി. യഥാര്‍ത്ഥ സ്പോര്‍ട്സുകാര്‍ ആരെന്ന് എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരുടെ പേരെ പറയൂ കാരണം എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും അവര്‍ തങ്ങളുടെ കലാപരിപാടി അനുസ്യൂതം തുടര്‍ന്നുപോന്നു. ഞാന്‍ ചീട്ടുകളി പഠിച്ചത് തന്നെ ഇവര്‍ കളിക്കുന്നതുകണ്ടാണ് അപ്പോള്‍ എനിക്കവരെ അങ്ങനെ തള്ളിപ്പറയാനും പറ്റില്ലല്ലോ.

          ഈ സംഭവം നടക്കുന്നത് ഓരോണക്കാലത്താണ്. ഓണത്തിന്റെ ഭാഗമായി പലവിധ മത്സരങ്ങള്‍ ആണ്, പെണ്ണ്, കൊച്ചുകുട്ടികള്‍, കുറച്ചു വലിയ കുട്ടികള്‍, ചെറുപ്പക്കാര്‍, ചെറുപ്പക്കാരികള്‍, മധ്യ വയസന്മാര്‍  മധ്യ വയസികള്‍, കിളവന്മാര്‍, കിളവികള്‍  എന്നിങ്ങനെ കാക്കതൊള്ളായിരം ഗ്രൂപ്പ് ആയി തിരിച്ച് പൂക്കളമിടല്‍, വടംവലി,  വടത്തില്‍ കയറ്റം, കണ്ണുകെട്ടി കലം തല്ലിപ്പൊട്ടിക്ക‍ല്‍, കസേരകളി പിന്നെ ആ കളി, ഈ കളി, മറ്റേ കളി എന്നെല്ലാമുള്ള കുറെ കളികളും മത്സരങ്ങളും. നമ്മുടെ ചീട്ടുകളി ഗ്രൂപ്പ് ഇതിലൊന്നും പങ്കെടുക്കാറില്ല. ഇതില്‍ ഒരാളുടെ പിതാശ്രീ ചക്കയിടാന്‍ പ്ലാവില്‍ കയറി വീണ വിവരം അറിഞ്ഞപ്പോള്‍ മൂന്നാസ് കയ്യിലിരിക്കുമ്പോഴാ അപ്പന്‍ എന്ന് പ്രസ്താവിച്ചിട്ടുള്ള ആളാണ്‌.

ഞങ്ങടെ നാട്ടിലും ഒരു വടംവലി ടീം ഉണ്ടായിരുന്നു. ടീമംഗംഗളുടെ അഭിപ്രായത്തില്‍ അവരാണ് ഭൂമി മലയാളത്തിലെ ഏറ്റവും ശക്തമായ ടീം. പിന്നെ എവിടെ മത്സരിച്ചാലും ആദ്യ റൗണ്ടില്‍ തന്നെ തോറ്റുപോകും എന്ന ചെറിയ കുഴപ്പം ഒഴിച്ച് നിര്‍ത്തിയാല്‍ അവര്‍ വളരെ ശക്തമായ ടീം തന്നെ ആയിരുന്നു. എതിരാളികള്‍ കള്ളത്തരം കാണിക്കുന്നതുകൊണ്ടാണ്  തങ്ങള്‍ തോല്‍ക്കുന്നത് എന്നാണ് അവരുടെ അവകാശവാദം. ഈ ഓണക്കാലത്തും അവര്‍ മത്സരിക്കാന്‍ പോയി പൂര്‍വാധികം ഭംഗിയോടെ തോറ്റു തിരിച്ചുപോന്നുകൊണ്ടിരുന്നു. പക്ഷെ അത്തവണ പാലായില്‍ ഒരു ക്ലബ്‌ കാരുടെ വടം വലി മത്സരത്തില്‍ അവര്‍ അബദ്ധവശാല്‍ ജയിച്ചു. ഇവരുടെ ഇത്രയും കാലത്തെ പ്രകടനം കണ്ടിട്ടുള്ള മറ്റു ടീമുകള്‍ മനപ്പൂര്‍വം തോറ്റു കൊടുത്തതാണെന്നും പറയപ്പെടുന്നു. ഏതു രീതിയില്‍ ആണെങ്കിലും ജയം, ജയം തന്നെയല്ലേ. അതവര്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇത്രയും കാലം തങ്ങളെ കളിയാക്കിയ നാട്ടുകാരെ ഒന്നു ഞെട്ടിക്കാന്‍ തന്നെ അവര്‍ തീരുമാനമെടുത്തു. അവര്‍ തന്നെ അത് കയ്യടിച്ചു പാസാക്കി. ഉടനെ തന്നെ അവര്‍ പാലാ ബ്ലൂ മൂണിലേക്ക് വച്ചു പിടിച്ചു. കയ്യില്‍ സമ്മാനം കിട്ടിയ കപ്പും പോക്കറ്റില്‍ സമ്മാനത്തുകയുമായി അതിനുള്ളില്‍ എത്തിയ അവരെ കാത്ത് മദ്യത്തിന്റെ ഒരു കൂമ്പാരം തന്നെ അവിടെ കാത്തിരുന്നു. വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ഇട്ട കുറേപ്പേര്‍ സാര്‍ സാര്‍ എന്ന് വിളിച്ച് അവരെ ശരിക്കും സുഖിപ്പിച്ചപ്പോള്‍ സമ്മാനത്തുകയില്‍ നല്ലൊരുഭാഗം ബ്ലൂ മൂണിന്റെ പെട്ടിയില്‍ നിക്ഷേപിക്കപ്പെട്ടു. അവിടെ നിന്നും ഇറങ്ങിയപ്പോള്‍ പിന്നെയും കാശ് മിച്ചം. എങ്കില്‍ പിന്നെ ഒരു ജീപ്പ് വിളിച്ച് പോകാമെന്ന് ഏതോ ഒരുത്തന്‍ . ഉടന്‍ തന്നെ ആ തീരുമാനവും കയ്യടിച്ചു പാസാക്കപ്പെട്ടു.
          
            അങ്ങനെ ജീപ്പില്‍ അവര്‍ നമ്മുടെ ചീടുകളി സങ്കേതത്തിനടുത്തെത്തി. ഉടന്‍ തന്നെ പുതിയൊരു അഭിപ്രായം വന്നു അവരെ ഒന്നു പേടിപ്പിച്ചാലോ എന്ന്. ഉടന്‍ തന്നെ ആ അഭിപ്രായം കയ്യടിക്കാതെ പാസാക്കപ്പെട്ടു.സങ്കേതത്തിനുമുന്പില്‍ ജീപ്പ് കൊണ്ടുവന്നു നിര്‍ത്തി പുറത്തേക്ക് എല്ലാവരും കൂടി ചാടി ഇറങ്ങി അങ്ങോട്ടും ഇങ്ങോട്ടും രണ്ടോട്ടം നടത്തി. അതിനുശേഷം കുറച്ചു മിമിക്രി വശമുണ്ടായിരുന്ന ടോ....(പേര് ഞാന്‍ പറയില്ല ആള്‍ ഇപ്പോഴും ജിം ബോഡിയാ) ആരെടാ ചീട്ടുകളിക്കുന്നത് എന്നൊരു ചോദ്യം. ഇതുകേട്ടതും ചീട്ടുകളി സംഘത്തിലുള്ള നമ്മുടെ കാര്ന്നോന്മാര് ജീവനും കൊണ്ട് ഓടി. പലരും പലവഴിക്ക്. ഒരാള്‍ നേരെ പുറകിലേക്കാണ് ഓടിയത് അതും കൂടെയുള്ള ചെറിയ ചട്ടുള്ള മറ്റൊരാളെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട്. പോലിസ് തൊട്ടു പുറകെ ഉണ്ടെന്നു തോന്നിയതും ഇദ്ദേഹം കൂടെ ഉണ്ടായിരുന്ന ആളെ വഴിയില്‍ ഉപേക്ഷിച്ച് ഓടി അടുത്തുള്ള വീടിന്റെ വരാന്തയില്‍ ഇരുന്നു. വീട്ടുകാര്‍ അപ്പോള്‍ കുരിശുവര(കുടുംബ പ്രാര്‍ത്ഥന) നടത്തുകയായിരുന്നു. തനിച്ചു വീടിനു പുറത്തിറങ്ങാന്‍ ലൈസന്‍സ് കിട്ടിയതില്‍ പിന്നെ സ്വന്തം വീട്ടില്‍ ഒറ്റ ദിവസം പോലും പ്രാര്‍ത്ഥനയ്ക്ക് കൂടാത്ത അദ്ദേഹം വളരെ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അതെങ്ങാനും മാര്‍പ്പാപ്പ കണ്ടിരുന്നെങ്കില്‍ അവിടെ വച്ചുതന്നെ വിശുദ്ധനായി പ്രഖ്യാപിച്ചേനെ(ഒരു കാര്യം വിട്ടുപോയി വടം വലി ടീമിലുള്ള മിമിക്രിക്കാരന്റെ സ്വന്തം ചേട്ടനാണിദ്ദേഹം) ഓര്‍ക്കാപ്പുറത്ത് ഒരാള്‍ ഓടി വന്നു വീട്ടില്‍ കയറി ഇരിക്കുന്നതുകണ്ട ആ വീട്ടിലെ പട്ടി,(ഈ പട്ടി നാട്ടില്‍ അറിയപ്പെടുന്നത് പോപ്പിന്‍സ്‌ പട്ടി എന്നാണ്. )  കുരച്ചുകൊണ്ട് ചാടിവന്നു. വീട്ടുകാരല്ലാത്ത ആരെ കണ്ടാലും ഓടിച്ചിട്ടു കടിക്കുന്ന ആ പട്ടിയെ ചാടിപ്പിടിച്ച് വായ്‌ തുറക്കാത്ത രീതിയില്‍ പിടിച്ച് തന്റെ മടിയിലെക്കിരുത്തിക്കളഞ്ഞു അദ്ദേഹം. പേടിച്ച്ചുപോയ പട്ടി കുറക്കാന്‍ പോലും മറന്ന് അവിടെ ഇരുന്നു.
             മറ്റൊരാള്‍ ഓടിയത് ഇതേ വീടിന്റെ പുരകുവശത്തുകൂടിയാണ് അവരുടെ സ്ഥലത്തിന്റെ അതിരില്‍ ഒരു പന്നിക്കൂടുണ്ടായിരുന്നു. ഇയാള്‍ നേരെ പോയി അതിലേക്കു ചാടി. അത് പന്നിക്കൂടാണെന്ന് അറിയാതെയാണദ്ദേഹം  ചാടിയത്. ജീപ്പ് തിരിച്ചുപോകുന്നതുവരെ പന്നികളുമായി അന്താരാഷ്‌ട്ര വിവരങ്ങളൊക്കെ ചര്‍ച്ച ചെയ്തു കൊണ്ട് ആള്‍ അവിടെത്തന്നെ ഇരുന്നു.എന്തോ തിന്നാനുള്ള സാധനം ആണെന്ന് വിചാരിച്ച് പന്നി അദ്ദേഹത്തെ കടിച്ചു എന്നും ഒരഭിപ്രായം പിന്നീടുണ്ടായി. പക്ഷെ അതിനുശേഷം പന്നി എന്ന വാക്ക്  ആര് പറഞ്ഞാലും അവരുടെ മുപ്പതു തലമുറ വരെ ഇദ്ദേഹം തെറി പറയുമായിരുന്നു.

            മറ്റുള്ളവരൊക്കെ തൊട്ടടുത്തു തന്നെ വീടുകള്‍ ഉള്ളവരായിരുന്നതിനാല്‍ അല്ലറ ചില്ലറ പരിക്കുകളോടെ സ്വന്തം വീടുകളില്‍ എത്തിച്ചേര്‍ന്നു. കുരിശുവരക്കാന്‍ കൂടിയ സുഹൃത്തിന്റെ കാല്‍ ഓട്ടത്തിനിടക്ക് ഉളുക്കിയതിനാല്‍ ഒരു സൈക്കിളില്‍ ഇരുത്തി അദ്ദേഹത്തെ വീട്ടിലെത്തിച്ചു. വീട്ടിലെത്തുമ്പോള്‍ നമ്മുടെ മിമിക്രിക്കാരന്‍ തങ്ങള്‍ ചെയ്ത വീരകൃത്യം ചേട്ടനെ വിവരിച്ചു കേള്‍പ്പിച്ചു. കഥ തീര്‍ന്നതും ഒറ്റ അടിയും അനിയന്റെ കരണത്ത് പാസാക്കി അദ്ദേഹം കിടന്നുറങ്ങി.

പിറ്റേദിവസം വലിയ ബഹളം കേട്ടാണ് ഇദ്ദേഹം എഴുന്നേറ്റത്. കാരണം അന്വേഷിച്ചപ്പോള്‍  കാലു വയ്യാത്ത ആള്‍ വീട്ടില്‍ എത്തിയില്ല. പിന്നെ എല്ലാവരുംകൂടി അന്വേഷണം ആരംഭിച്ചു. പന്നിക്കൂട്ടിലും തൊട്ടടുത്ത ഏരിയായിലുള്ള പൊട്ടക്കിണറ്റിലും എല്ലാം തപ്പി ക്ഷീണിച്ചു വന്നിരുന്നപ്പോള്‍ തൊട്ടടുത്തു നിന്ന മരത്തിന്റെ മുകളില്‍ നിന്നും ഒരു കൂര്‍ക്കം വലി ശബ്ദം. മുകളിലേക്ക് നോക്കിയപ്പോള്‍ അതാ നമ്മുടെ കഥാനായകന്‍ മരത്തിന്റെ മുകളില്‍ ഇരുന്നുറങ്ങുന്നു.വിളിച്ചുണര്‍ത്തി  താന്‍ എങ്ങനെ മുകളില്‍ കയറി എന്ന് ചോദിച്ചപ്പോള്‍  കാലു വയ്യെങ്കിലും പോലീസിന്റെ ഇടി ഓര്‍ത്തപ്പോള്‍ വളരെ വേഗം മുകളില്‍ എത്തി എന്നാണ് മറുപടി കിട്ടിയത്. താഴെക്കിറങ്ങാന്‍ പറ്റുന്നില്ല അതുകൊണ്ട് ഉടുത്തിരുന്ന മുണ്ടുപറിച്ച് സ്വയം മരത്തോടു ചേര്‍ത്തുകെട്ടി ഇരുന്നുറങ്ങി. പിന്നെ ഒരാള്‍ മരത്തില്‍ കയറി ഒരു കുട്ടക്കകത്തിരുത്തി കയറില്‍ കെട്ടി താഴെക്കിറക്കി.

              അങ്ങനെ വടംവലി ടീം തങ്ങള്‍ക്കു കിട്ടിയ ആദ്യത്തെ വിജയം വളരെ ആര്‍ഭാടപൂര്‍വം ആഘോഷിച്ചു. എന്നാല്‍ ഇതിന്റെ ഭാഗമായി പല കലാപരിപാടികളും അവിടെ അരങ്ങേറി. പക്ഷെ അതൊന്നും ഇവിടെ പറയാന്‍ കൊള്ളാത്തതുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.

1 comment:

  1. ഇതില്‍ പറഞ്ഞിരിക്കുന്ന ആള്‍ക്കാരൊക്കെ ഇപ്പോഴും നല്ല പയറുപോലെ നടക്കുന്നുണ്ട് വയസായെങ്കിലും എന്നേക്കാള്‍ ആരോഗ്യം ഉള്ളവരാണെല്ലാവരും അതുകൊണ്ടാണ് ആരുടെയും പേര് പറയാതിരുന്നത്

    ReplyDelete