ജാലകം എന്റെ സ്വന്തം ബ്ലോഗ്‌: പട്ടാളം പാച്ചന്‍

Monday, May 23, 2011

പട്ടാളം പാച്ചന്‍

          ഇതു വെറും ഒരു കഥ മാത്രമാണ്. ചിലപ്പോള്‍ ചില സാദൃശ്യങ്ങള്‍ ഒക്കെ പലര്‍ക്കും തോന്നിയേക്കാം. അത് എന്റെ തെറ്റല്ല എന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ.
            ഞങ്ങളുടെ നാട്ടിലെ ഏറ്റവുമധികം ആരാധകരുള്ള വ്യക്തികളില്‍ ഒരാളാണ്  പാച്ചന്‍ അതിന്റെ കാരണം അദ്ദേഹം ഒരു എക്സ്-മിലിട്ടറി ആണ് എന്നതാണ്. ആരാധനയുടെ കാര്യം പിടികിട്ടി കാണുമല്ലോ. മിലിട്ടറി എന്ന് നാട്ടില്‍ അറിയപ്പെടുന്ന കള്ളുകുപ്പി തന്നെ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യ കണ്ട ഏറ്റവും ധീരനായ പട്ടാളക്കാരന്‍ അദ്ദേഹം ആണ്. സാധാരണ പട്ടാളക്കാര്‍ക്കുള്ള ഒരസുഖം പാച്ചന്‍ പട്ടാളക്കാരനുമുണ്ട്. മറ്റൊന്നുമല്ല പട്ടാളത്തിലെ വീരസാഹസിക കഥകള്‍
           പട്ടാളം പാച്ചന്റെ വീരസാഹസിക കഥകളില്‍ രണ്ടെണ്ണമാണ് ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. ആദ്യത്തെ കഥ... സോറി സംഭവം നടക്കുന്നത്  1962 ലെ ഇന്ത്യ ചൈന യുദ്ധത്തിന്റെ സമയത്താണ്. പാച്ചനും ഈ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. യുദ്ധം അതിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്ന സമയം. പാച്ചനും സഹ ജവാന്മാരും കൂടി ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ട്രഞ്ച് കുഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. തോക്കെല്ലാം സുരക്ഷിത സ്ഥാനത്ത് വച്ചിട്ട് ആണ് കുഴിക്കുന്നത്. രാത്രിയില്‍ ആണ് സംഭവം എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ ഇവര്‍ കുഴിച്ചുകൊണ്ടിരുന്ന സമയത്ത് അതാ ഒരു ചൈനീസ് ഹെലികോപ്ടര്‍ വരുന്നു ഇന്ത്യയില്‍ ഇടാനുള്ള ബോംബുമായി. തോക്കെടുക്കാനും ഉന്നം പിടിക്കാനും  വെടി വയ്ക്കാനും ഒന്നുമുള്ള സമയം ഇല്ല. അതിനു നോക്കിയാല്‍ അവര്‍ വന്നു ബോംബും ഇട്ടു പോകും. ഇവര്‍ കുഴിച്ചുകൊണ്ടിരിക്കുന്ന ട്രഞ്ചിനുള്ളിലുമാണ്  എന്തുചെയ്യും. അപ്പോഴാണ്‌ നമ്മുടെ പാച്ചനു ഒരു ബുദ്ധി തോന്നിയത്. അദ്ദേഹം ട്രഞ്ച് കുഴിക്കാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന അലവാങ്ക് (ഇതെന്താണെന്നു എല്ലാവര്‍ക്കും അറിയാം എന്ന് വിശ്വസിക്കുന്നു) തിരിച്ചുപിടിച്ചു ഹെലികോപ്ടറിന്റെ പൈലറ്റിനെ ഉന്നം വച്ച് ഒറ്റ ഏറു കൊടുത്തു. ഏതായാലും ഭാഗ്യം, അത് ആ പൈലറ്റിന്റെ നെഞ്ചത്ത് തന്നെ തുളച്ചു കയറി. ഓര്‍ക്കാപ്പുറത്തുണ്ടായ ആക്രമണത്തില്‍ പെട്ട് അയാള്‍ക്ക്‌ ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയും അത് ചൈനീസ് അതിര്‍ത്തിക്കുള്ളില്‍ തന്നെ തകര്‍ന്നു വീഴുകയും ചെയ്തു.
           ഇനി രണ്ടാമത്തെ സംഭവം.  ഇത് നടക്കുന്നത് 1965 ലെ ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധസമയത്താണ്. പാച്ചനും കൂട്ടരും ഇന്ത്യ - പാക്‌ അതിര്‍ത്തിയില്‍ വേലി കെട്ടിക്കൊണ്ടിരിക്കുന്ന സമയം. വേലിക്കു വേണ്ട കൊന്നക്കമ്പുകള്‍ ഒരേ നീളത്തില്‍ മുറിക്കുക എന്ന പണിയാണ് നമ്മുടെ പാച്ചന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അപ്പോള്‍ ഇന്ത്യയെ ആക്രമിക്കുക എന്ന ലക്ഷ്യവുമായി അതാ  വരുന്നു  ഒരു പാകിസ്ഥാനി യുദ്ധവിമാനം. തിരിച്ച് ആക്രമണം നടത്താനുള്ള പരുവത്തിലല്ല ഇവരാരും. അപ്പോഴാണ്‌ പാച്ചനു ഒരു ബുദ്ധി തോന്നിയത്. സ്പോര്‍ട്സ് ക്വോട്ടയില്‍ പട്ടാളത്തില്‍ ജോലി കിട്ടിയ പാച്ചന്‍ കയ്യിലിരുന്ന കൊന്നക്കമ്പില്‍ കുത്തി പോള്‍ വോള്‍ട്ടുകാര്‍ ചാടുന്നതുപോലെ ഉയര്‍ന്നു ചാടി കയ്യിലിരുന്ന വാക്കത്തികൊണ്ട്  വിമാനത്തിനിട്ടു ഒറ്റ വെട്ടു കൊടുത്തു. അതാ പാകിസ്താന്‍ വിമാനം രണ്ടു കഷണം. ഇപ്രകാരം ആ അപകടത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടു.
          ഈ കഥകള്‍ ഒക്കെ വെറുതെ വീരസ്യം പറച്ചില്‍ ആണെന്ന് പാച്ചനെ അറിയാത്ത ചിലര്‍ പറഞ്ഞുകൊണ്ട് നടക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മറ്റു ചില വിവരണങ്ങള്‍ കേട്ടു കഴിഞ്ഞാല്‍ ഇതൊക്കെ അദ്ദേഹം ചെയ്തത് തന്നെ ആണെന്ന് നാം അറിയാതെ വിശ്വസിച്ചു പോകും അതാണ്‌ പാച്ചന്‍ ....   പട്ടാളം പാച്ചന്‍ ..............

No comments:

Post a Comment